Friday, 30 August 2013

ശ്രീ മോസ്കോ ഗോപാലകൃഷ്ണൻ & ശ്രീമതി ഓമന

 Courtesy  http://www.mathrubhumi.com/books/article/outside/396/ 
 അതിരുകള്‍ മായുന്ന ലോകം
05 Dec 2010
മോസ്‌കോ ഗോപാലകൃഷ്ണനെയും അദ്ദേഹത്തിന്റെ ഭാര്യ ഓമനയെയും ഓര്‍ക്കാതെ മലയാളിയുടെ റഷ്യന്‍ സാഹിത്യപ്രണയകാലത്തെക്കുറിച്ച് പറഞ്ഞാല്‍ പൂര്‍ണമാവില്ല. നാം വായിച്ച് വിസ്മയിക്കുകയും ആത്മാവിനോടുചേര്‍ത്തുവെക്കുകയും ചെയ്ത പല പുസ്തകങ്ങളും റഷ്യന്‍ ഭാഷയില്‍ നിന്നും ശുദ്ധവും കാവ്യസുന്ദരവുമായ മലയാളത്തില്‍ മൊഴിമാറ്റിത്തന്നത് ഈ ദമ്പതികളാണ്.

ആലുവ സ്വദേശിയായ ഗോപാലകൃഷ്ണന്‍ 1957കളില്‍ അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു മുഴുവന്‍സമയ പ്രവര്‍ത്തകനായിരുന്നു. തിരഞ്ഞെടുപ്പില്‍ സജീവപ്രവര്‍ത്തകനായി, താലൂക്ക് കമ്മിറ്റി സെക്രട്ടറി വരെയായി. എന്നാല്‍, ഒരു മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാന്‍ സാഹചര്യങ്ങള്‍ ഗോപാലകൃഷ്ണനെ അനുവദിച്ചില്ല. ജീവിക്കാന്‍ ഒരു ജോലി തേടുമ്പോഴാണ് ഡല്‍ഹിയില്‍ സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 'സോവിയറ്റ് നാടി'ല്‍ ജോലിചെയ്യുന്ന സുഹൃത്ത് എം.എസ്. രാജേന്ദ്രന്‍ അവിടെ 'യു.എസ്.എസ്.ആര്‍. ന്യൂസ് ആന്‍ഡ് വ്യൂസി'ല്‍ ഒരു ഒഴിവുണ്ട്, താത്പര്യമുണ്ടെങ്കില്‍ ചേരാം' എന്നറിയിക്കുന്നത്. ഗോപാലകൃഷ്ണന്‍ ചെന്നു, ചേര്‍ന്നു. വിദൂരങ്ങളില്‍നിന്നും റഷ്യ വിളിക്കുകയായിരുന്നു എന്ന് അദ്ദേഹം അപ്പോള്‍ അറിഞ്ഞില്ല.

ഒന്‍പതുവര്‍ഷം നീണ്ട ഡല്‍ഹിവാസക്കാലത്ത് ഗോപാലകൃഷ്ണന്‍ 'സോവിയറ്റ് റിവ്യൂ'വിന്റെ ജോയിന്റ് എഡിറ്റര്‍വരെയായി. ആ കാലത്താണ് ഓമനയെ വിവാഹം ചെയ്യുന്നത്. രണ്ട് കുട്ടികളും പിറന്നു: ലതയും ശശിയും. 1964 കാലത്ത് ഇവരുടെ താമസം വിന്‍സര്‍ പ്ലേസിലെ എ.കെ.ജി.യുടെ വീട്ടിലായിരുന്നു. അദ്ദേഹമായിരുന്നു ലതയുടെ ഏറ്റവും 'വലിയ' കളിക്കൂട്ടുകാരന്‍ എന്ന് ഗോപാലകൃഷ്ണന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ബ്രഷ്‌നേവ് ആയിരുന്നു അന്ന് റഷ്യ ഭരിച്ചിരുന്നത്. റഷ്യന്‍ പുസ്തകങ്ങള്‍ ലോകത്തിലെ പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി കുറഞ്ഞവിലയ്ക്ക് വിതരണം ചെയ്യാനായി സര്‍ക്കാര്‍ തന്നെ മോസ്‌കോയില്‍ സ്ഥാപിച്ചതാണ് 'പ്രോെഗ്രസ് പബ്ലിഷേഴ്‌സ്'. ഹിന്ദി, ഉറുദു, പഞ്ചാബി, തെലുങ്ക്, തമിഴ് ഭാഷകളില്‍ അക്കാലത്തുതന്നെ വിവര്‍ത്തനങ്ങള്‍ വന്നിരുന്നു. മലയാളത്തില്‍ ഒന്ന് തുടങ്ങാന്‍ ആലോചന വന്നപ്പോള്‍ സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ചോദ്യം വന്നു: ''ആരെങ്കിലുമുണ്ടോ?''

ഗോപാലകൃഷ്ണനോടാണ് എഡിറ്റര്‍ ചോദിച്ചത്: ''താത്പര്യമുണ്ടോ?'' പോകാതിരിക്കേണ്ട യാതൊരു കാരണവുമില്ലായിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നിരുന്നു. കാലവും കാറ്റും മാറിവീശിത്തുടങ്ങി. മോസ്‌കോയിലേക്കുള്ള ആദ്യയാത്ര ഗോപാലകൃഷ്ണന്‍ ഇപ്പോഴും ഓര്‍ക്കുന്നു: ''പരിഭാഷയാണ് അവിടെ എന്റെ തൊഴില്‍ എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ കുട്ടികളെ ചേര്‍ത്തുപിടിക്കും പോലെ രണ്ട് പുസ്തകങ്ങളും ഞാന്‍ ആ യാത്രയില്‍ കരുതലോടെ കാത്തിരുന്നു. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയും മാധവന്‍പിള്ളയുടെ ഇംഗ്ലീഷ് - മലയാളം നിഘണ്ടുവും.''

ആകാശംമുട്ടെ കുമിഞ്ഞുവീണ മഞ്ഞില്‍ മൂടിക്കിടക്കുന്ന മോസ്‌കോ വിമാനത്താവളത്തിലാണ് അവര്‍ ഇറങ്ങിയത്. അവിടെ അവരെ ഒരു ഓള്‍ഡ് ബോള്‍ഷെവിക്ക് കാത്തുനിന്നിരുന്നു- മരിയബുളിയക്കോവ. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ തടവുകാര്‍ക്കും റഷ്യന്‍ പട്ടാളക്കാര്‍ക്കുമിടയിലെ ദ്വിഭാഷിയായ അവര്‍തന്നെയാണ് തുടര്‍ന്ന് ഗോപാലകൃഷ്ണന്റെ റഷ്യന്‍ ടീച്ചറായത്.

ദെഷ്‌കോ എന്ന റഷ്യന്‍ എഡിറ്ററുടെ കീഴിലാണ് ഗോപാലകൃഷ്ണന്‍ ചേര്‍ന്നത്. അദ്ദേഹത്തിന് മലയാളം ഒരുവിധം അറിയാമായിരുന്നു. ആദ്യമൊക്കെ ഇംഗ്ലീഷില്‍നിന്നു തുടങ്ങിയ പരിഭാഷ റഷ്യന്‍ഭാഷപഠനത്തിന്റെ പുരോഗതിക്കനുസരിച്ച് റഷ്യനില്‍നിന്നുതന്നെയായി. ഗോപാലകൃഷ്ണന്‍ എഴുതുന്നത് റഷ്യക്കാരികളായ കോപ്പിയിങ് ഗേള്‍സ് ഉരുട്ടി മലയാളത്തില്‍ എഴുതും. അര്‍ഥമറിയില്ലെങ്കിലും അക്ഷരങ്ങള്‍ അവര്‍ക്കറിയാമായിരുന്നു. പിന്നീടത് പ്രസ്സിലേക്ക് പോകും. അവസാന കോപ്പിവരെ വായിച്ച് പുസ്തകമാകുമ്പോഴേക്കും ഒരുവര്‍ഷമൊക്കെയാവും.
ആദ്യമാദ്യം കുട്ടിക്കഥകളുടെ പരിഭാഷകളില്‍ത്തുടങ്ങി പിന്നീടത് വലിയ ഗ്രന്ഥങ്ങളിലേക്ക് പ്രവേശിച്ചു. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ബൃഹദ്‌രചനകള്‍, ഗോര്‍ക്കിയുടെ 'അമ്മ', ടോള്‍സ്റ്റോയിയുടെ 'ഉയിര്‍ത്തെഴുന്നേല്പ്', ദസ്തയോവ്‌സ്‌കിയുടെ 'വെളുത്തരാത്രികള്‍' ഗോര്‍ക്കിയുടെ നാടകങ്ങള്‍, ആത്മകഥ തുടങ്ങി എണ്‍പതോളം രചനകള്‍ ഗോപാലകൃഷ്ണന്‍ മൊഴിമാറ്റിത്തന്നു.

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ പ്രോെഗ്രസ് പബ്ലിഷേഴ്‌സിന് ഒരു ശാഖകൂടി വന്നു: റാദുഗ. 'മഴവില്ല്' എന്നാണ് ആ പദത്തിന്റെ അര്‍ഥം. ഫിക്ഷന്‍ വിഭാഗത്തില്‍ വരുന്ന കൃതിക്കുള്ള പരിഭാഷ അവര്‍ക്ക് നല്കി. ഓമനയ്ക്ക് അവിടെ ജോലികിട്ടി. വീട് മുഴുവന്‍ വിവര്‍ത്തനത്തിന്റെ താളമായി.

കുപ്രീന്റെ 'ഗാര്‍നറ്റ്‌വള', പുഷ്‌കിന്റെ 'ക്യാപ്റ്റന്റെ മകള്‍', ഗോഗോളിന്റെ 'സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കഥകള്‍', തുര്‍ഗനേവിന്റെ 'പടിവാതില്‍ക്കല്‍', ലോര്‍മന്തൊവിന്റെ 'നമ്മുടെ കാലത്തെ ഒരു വീരപുരുഷന്‍', 'ഷോളോഖോവിന്റെ കഥകള്‍', 'റഷ്യന്‍ നാടോടിക്കഥകള്‍', 'മൂന്ന് തടിയന്മാര്‍' തുടങ്ങി 56 കൃതികള്‍ ഓമന നമുക്കുതന്നു.

1990 കളില്‍ റഷ്യയുടെ തകര്‍ച്ച തുടങ്ങിയ സമയത്തുതന്നെ ഗോപാലകൃഷ്ണനും ഓമനയും തിരിച്ചുപോന്നു. മകന്‍ അപ്പോഴേക്കും റഷ്യക്കാരനായി അവിടെ ബിസിനസ്സ് തുടങ്ങിയിരുന്നു. മകള്‍ ദുബായിയില്‍ ഡോക്ടറായിപ്പോയി.തിരുവനന്തപുരത്ത് ഉള്ളൂരിനടുത്ത് പ്രശാന്ത്‌നഗറില്‍ ഗോപാലകൃഷ്ണന്‍ താമസിക്കുന്ന കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഗോപാലകൃഷ്ണനും ഓമനയും തര്‍ജമ ചെയ്ത പുസ്തകങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ നടന്നതിന്റെ പത്രറിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ പലരും അദ്ദേഹത്തെ തേടിയെത്തി.

മുന്നില്‍നില്ക്കുന്ന മെലിഞ്ഞ മനുഷ്യനെക്കണ്ടുനിന്നപ്പോള്‍ അവരെല്ലാം മനസ്സുകൊണ്ട് സ്വന്തം ബാല്യത്തിലും യൗവനത്തിലും അലയുകയായിരിക്കണം. കാരണം ഈ മനുഷ്യന്റെ വിരലുകളില്‍ തൂങ്ങിയാണല്ലോ അവരെല്ലാം അജ്ഞാതദേശത്തെ അത്ഭുതയാത്രികരായത്!




  Courtesy ആ പഴയ റഷ്യൻ പുസ്തകങ്ങൾ.

മോസ്‌കോ ഗോപാലകൃഷ്ണന്‍ അന്തരിച്ചു     

21 Feb 2011

തിരുവനന്തപുരം: റഷ്യന്‍ സാഹിത്യകൃതികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ മോസ്‌കോ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. റഷ്യന്‍ ഭാഷയില്‍നിന്ന് ശുദ്ധവും കാവ്യസുന്ദരവുമായ മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഗോപാലകൃഷ്ണന്‍.

മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ബൃഹദ്‌രചനകള്‍, ഗോര്‍ക്കിയുടെ 'അമ്മ', ടോള്‍സ്‌റ്റോയിയുടെ 'ഉയിര്‍ത്തെഴുന്നേല്പ്', ദസ്തയോവ്‌സ്‌കിയുടെ 'വെളുത്തരാത്രികള്‍' ഗോര്‍ക്കിയുടെ നാടകങ്ങള്‍, ആത്മകഥ തുടങ്ങി എണ്‍പതോളം രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ആലുവ സ്വദേശിയായ ഗോപാലകൃഷ്ണന്‍ 1957കളില്‍ അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു മുഴുവന്‍സമയ പ്രവര്‍ത്തകനായിരുന്നു. പിന്നീട് ജോലിതേടി ഡല്‍ഹിയിലെത്തിയ അദ്ദേഹം സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ 'യു.എസ്.എസ്.ആര്‍. ന്യൂസ് ആന്‍ഡ് വ്യൂസി'ല്‍ ചേര്‍ന്നു.

ഒന്‍പതുവര്‍ഷം നീണ്ട ഡല്‍ഹിവാസക്കാലത്ത് ഗോപാലകൃഷ്ണന്‍ 'സോവിയറ്റ് റിവ്യൂ'വിന്റെ ജോയിന്റ് എഡിറ്റര്‍വരെയായി. പിന്നീട് മോസ്‌കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്‌സിലെ പരിഭാഷകനായി ചേര്‍ന്നു. റഷ്യയുടെ തകര്‍ച്ച തുടങ്ങിയ 1990കളിലാണ് ഗോപാലകൃഷ്ണന്‍ നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. തിരുവനന്തപുരത്തെ ഉള്ളൂരിനടുത്തുള്ള പ്രശാന്ത്‌നഗറിലാണ് താമസിച്ചിരുന്നത്. ഭാര്യ ഓമന.




ഓമനയും മോസ്കോ ഗോപാലകൃഷ്ണനും

റാദുഗ/പ്രോഗ്രസ്സ് പബ്ലിഷേഴ്സിനു വേണ്ടി റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിരുന്നത് ഓമന-ഗോപാലകൃഷ്ണൻ ദമ്പതികളായിരുന്നു . ധാരാളം ബാലസാഹിത്യകൃതികൾ അക്കാലത്ത്‌ വിവർത്തനം ചെയ്യപ്പെട്ടു . വളരെ ലളിതമായ ഭാഷയിൽ നിർവഹിച്ചിരുന്ന ഈ വിവർതത്തനങ്ങൾ റഷ്യനിൽ നിന്നു നേരിട്ടാണ്‌ ചെയ്തിരുന്നത്‌ .

ഡെൽഹിയിലെ സോവിയറ്റ് ഇൻഫർമേഷൻ സെൻററിൽ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും . 1966 ലാണ് റഷ്യൻ പുസ്തകങ്ങൾ മലയാള ത്തിലേയ്ക്ക് വിവർത്തനം ചെയ്യാനുള്ള തീരുമാനമുണ്ടാകുന്നത് . തുടർന്ന് , ഓമനയും ഗോപാലകൃഷ്ണനും മോസ്കോയിലെ പ്രോഗ്രസ്സ് പ്രിന്റെഴ്സിലേയ്ക്ക് വിളിക്കപ്പെട്ടു . ആദ്യകാലത്ത് റഷ്യനിൽ നിന്നും ഇംഗ്ലീഷിലെയ്ക്കു വിവർത്തനം ചെയ്യപ്പെട്ട കൃതികളാണ് മൊഴിമാറ്റം ചെയ്തിരുന്നത് .

പിന്നീട് സാഹിത്യകൃതികൾ പബ്ലിഷ് ചെയ്യാൻ റാദുഗ എന്നൊരു വിഭാഗം കൂടി ആരംഭിച്ചു . 25 വർഷ ത്തോളം ഓമനയും ഗോപാലകൃഷ്ണനും മോസ്കോയിൽ താമസിച്ച് നിരവധി നോവലുകളും കഥകളും ബാലസാഹിത്യ കൃതികളും കമ്മ്യൂണിസ്റ്റ് സാഹിത്യവും മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു . ഓമന 2003 ൽ അന്തരിച്ചു . 2011 മാർച്ചിൽ തിരുവനന്തപുരത്തു വച്ച് ഗോപാലകൃഷ്ണനും അന്തരിച്ചു .


ഓമന 
1936 ഏപ്രില്‍ 26ന് ചങ്ങനാശേരിയില്‍ ജനിച്ചു. ഏറ്റുമാനൂര്‍ ആനച്ചാലില്‍ മാധവന്‍പിള്ളയുടെയും മാധവിയമ്മയുടെയും മകള്‍. യഥാര്‍ത്ഥ നാമം ഭാരതിയമ്മ. ഭര്‍ത്താവ്: പ്രശസ്ത പരിഭാഷകനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ. ഗോപാലകൃഷ്ണന്‍. മക്കള്‍: ഡോ. ലത, ശശി. 1963ല്‍ ഡല്‍ഹിയിലെ യു.എസ്.എസ്.ആര്‍. എംബസിയുടെ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ ചേര്‍ന്നു. 1969ല്‍ മോസ്‌കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്‌സില്‍ പരിഭാഷകയായി. 1983ല്‍ റാദുഗ പബ്ലിഷേഴ്‌സ് ആരംഭിച്ചപ്പോള്‍ അതില്‍ മലയാളത്തിന്റെ ചുമതല ഏറ്റെടുത്തു. കാല്‍നൂറ്റാണ്ടിലധികം മോസ്‌കോയിലായിരുന്നു. 56 റഷ്യന്‍ സാഹിത്യകൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പരിഭാഷപ്പെടുത്തിയ കൃതികള്‍: ഗാര്‍നറ്റ് വള, ക്യാപ്റ്റന്റെ മകള്‍, ദുബ്രോവ്‌സ്‌കി, ഗവണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കഥകള്‍, പടിവാതില്‍ക്കല്‍, പ്രേമത്തെപ്പറ്റി മൂന്നു കഥകള്‍, നമ്മുടെ കാലത്തെ ഒരു വീരപുരുഷന്‍, ബാല്യകാലം, വാസ്സ ഷെലെസ്‌നോവ കഥകള്‍, വയലമ്മ, ഒട്ടകക്കണ്ണ്, ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍തൈ, ഇവാന്‍, വസന്തത്തിന്റെ പതിനേഴ് നിമിഷങ്ങള്‍, ഒരു പ്രകൃതിനിരീക്ഷകന്റെ കഥകള്‍, മൂന്നു തടിയന്മാര്‍, ജീവിതവിദ്യാലയം, കുട്ടിയും കളിത്തോഴരും, വൈകി ജനിച്ച കുഞ്ഞനുജന്‍, കടലോരത്ത് ഒരു ബാലന്‍, കളിക്കോപ്പുകള്‍, ധിക്കാരിയായ കരടിക്കുട്ടി, കാട്ടിലെ വീടുകള്‍, കുറുക്കനും ചുണ്ടെലിയും, സ്വര്‍ണക്കപ്പ്, എന്റെ ആദ്യത്തെ ജന്തുശാസ്ത്ര പഠനം, കാട്ടിലെ കുട്ടികള്‍, സമ്മാനം, ലെനിന്റെ പുഞ്ചിരി, ലോറികള്‍, പാടുന്ന തൂവല്‍, കൊമ്പുള്ള ആട്ടിന്‍കുട്ടി, കുറുക്കന്റെ സൂത്രങ്ങള്‍, വെളുത്ത കലമാന്‍, തീക്കുണ്ഡം മുതല്‍ റിയാക്ടര്‍ വരെ, കുതിരവണ്ടിയില്‍ നിന്ന് റോക്കറ്റിലേക്ക്, കോസ്‌മൊണോട്ടും ഗ്രീഷ്‌കയും, ജ്യോതിശ്ശാസ്ത്രം ചിത്രങ്ങളിലൂടെ, മനുഷ്യന്‍ വാനിലേക്കുയരുന്നു, കടലുകള്‍ താണ്ടുന്ന കപ്പലുകള്‍. 2003 ഏപ്രില്‍ 22ന് നിര്യാതയായി.

 Courtesy    ആ പഴയ റഷ്യൻ പുസ്തകങ്ങൾ.

ഓമനയും ഗോപാലകൃഷ്ണനും കുടുംബവും
 

Please see a wonderful Tribute paid to Sri Moscow Gopalakrishnan
 'THE MOTHER' AND MOSCOW GOPALAKRISHNAN   Courtsey Sri Premji

Also Please Refer the below Links also for more information regarding them

http://en.wikipedia.org/wiki/Omana_and_Moscow_Gopalakrishnan 

http://newindianexpress.com/cities/thiruvananthapuram/article224157.ece?service=print 

http://articles.economictimes.indiatimes.com/2011-03-10/news/28675614_1_translations-malayalam-russians 




 

No comments:

Post a Comment